അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
ഒരേയൊരു സിനിമ ചെയ്തു നിർത്താനായിരുന്നു പ്ലാൻ. പക്ഷേ ഇപ്പോഴിതാ വസ്ത്രാലങ്കാരത്തിനുള്ള മൂന്നാമത്തെ സംസ്ഥാന പുരസ്കാരവും സമീറ സനീഷിൻ്റെ
വീട്ടിലെത്തി. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള കോസ്റ്റ്യൂം ഡിസൈനർ, കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ വസ്ത്രാലങ്കാരം എന്നീ നേട്ടങ്ങൾ വെറുതെയല്ലെന്നു തെളിയിച്ചാണ് ഇക്കുറിയും സമീറയുടെ പുരസ്കാരം നേട്ടം.
‘‘ഒരുപാട് സന്തോഷം. പ്രിയപ്പെട്ട രണ്ടു ചിത്രങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ഈ അംഗീകാരം ദൈവാനുഗ്രഹമായി കാണുന്നു.’’, കൊച്ചിയില്‍ അവാർഡ് വാർത്തയറിഞ്ഞ് സമീറ സനീഷ് പറഞ്ഞു.
രേഖാചിത്രം, ബൊഗെയ്ൻവില്ല എന്നിങ്ങനെ രണ്ടു ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിനാണ് സമീറ ഇത്തവണ പുരസ്കാരം നേടിയത്. ‘‘രണ്ടു സിനിമയും രണ്ടു തരത്തിലുള്ളതായിരുന്നു. രേഖാചിത്രത്തിൽ പഴയകാലഘട്ടമാണ്. ബൊഗെയ്ൻവില്ലയിൽ പ്രത്യേക കളർടോൺ അനുസരിച്ച് ക്രിയേറ്റിവായി ചെയ്തതാണ്. രണ്ടും ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ട്’’, സമീറ മനസ്സു തുറന്നു.
‘‘കോസ്റ്റ്യൂം ചെയ്തതിൽ വെല്ലുവിളിയുണ്ടായെന്നൊന്നും പറയുന്നില്ല. പക്ഷേ പഴയ കാലഘട്ടത്തിനുള്ള വസ്ത്രമൊരുക്കാൻ ഇന്നു പ്രയാസമാണ്. രേഖാചിത്രത്തിന്റെ കാര്യത്തിൽ അങ്ങനയൊരു ബുദ്ധിമുട്ടാണ് നേരിട്ടത്. പണ്ടത്തെ പ്രിന്റുകളും തുണികളും കിട്ടാൻ സാധിക്കുന്ന കടകള്‍ ഇല്ല. പണ്ടത്തെ അപ്പൂപ്പൻമാർ നടത്തിയിരുന്ന കടകളിൽ ഇവയുണ്ടായിരുന്നു. പക്ഷേ അടുത്ത തലമുറ വരുമ്പോൾ അതൊക്കെ മാറ്റി പുതിയ തുണികളാക്കും. കൊച്ചിയിലെ പഴയ കടകൾ തേടിച്ചെല്ലുമ്പോൾ പലയിടത്തും അതെല്ലാം മാറി പുതിയതു വന്നിരുന്നു.’’ രേഖാചിത്രത്തിനു വേണ്ടി നടത്തിയ അധ്വാനത്തെക്കുറിച്ച് സമീറ പറയുന്നു. ‘‘സംവിധായകൻ ജോഫിൻ ടി. ചാക്കോ തന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്. സ്ക്രിപ്റ്റ് വായിച്ചു റഫറൻസ് എടുക്കാനും വസ്ത്രമൊരുക്കാനും പൂർണ സ്വാതന്ത്ര്യം തന്നിരുന്നു. ’’
ബൊഗെയ്ൻവില്ല വളരെ ക്രിയേറ്റിവായി ചെയ്ത ചിത്രമാണെന്നും സമീറ പറഞ്ഞു. ‘‘അമൽനീരദിന്റെ പടങ്ങളിൽ കോസ്റ്റ്യൂമിന് എപ്പോഴും പ്രാധാന്യമുണ്ട്. ഞാൻ നേരത്തെയും അമലേട്ടനൊപ്പം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ടോണ്‍ വ്യത്യസ്തമാണല്ലോ. വളരെ ആസ്വദിച്ചു ചെയ്തതാണത്’’,
എട്ടാം ക്ലാസ്സിലെ അവധിക്കാലത്ത് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി തയ്യൽ പഠിച്ചു തുടങ്ങിയതാണ് സമീറ. ആദ്യമുണ്ടായിരുന്ന ഇഷ്‌ടക്കേട് പയ്യെപ്പയ്യെ പ്രിയമായി. പിന്നീട് പരസ്യരംഗത്ത് വസ്ത്രങ്ങളൊരുക്കി. 2009ൽ ഇറങ്ങിയ ആഷിക് അബു ചിത്രം ‘ഡാഡി കൂളി’ലൂടെയാണ് സമീറ മലയാള സിനിമാ രംഗത്തെത്തിയത്. വസ്ത്രാലങ്കാര രംഗത്ത് 16 വർഷം പിന്നിടുമ്പോൾ ഇരുന്നൂറോളം സിനിമകളും 3 സംസ്‌ഥാന പുരസ്‌കാരങ്ങളുമായി ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് സമീറ സനീഷ്.
സമീറയുടെ വസ്ത്രാലങ്കാരത്തിന്റെ ആരാധകർ കൂടിയതോടെ സ്വന്തം പേരിൽ കൊച്ചിയിൽ വസ്ത്രബ്രാൻഡ് ആരംഭിച്ചിട്ടുണ്ട് സമീറ. ‘ആയിഷ’ സിനിമയിൽ മഞ്ജു വാരിയർ ധരിച്ച സ്കർട്ട് തേടി ആവശ്യക്കാരുടെ ഫോൺ വിളിയെത്തിയതോടെ 2023ലാണ് ബ്രാൻഡിനു തുടക്കമിട്ടത്. പിന്നീട് തുടർച്ചയായി കലക്ഷനുകളും ചെയ്യുന്നുണ്ട്.
അഖിൽ സത്യന്റെ ‘സർവംമായ’, ഷാജി കൈലാസിന്റെ ‘വരവ്’ എന്നിയാണ് സമീറ ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ.