സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
എന്തിനാവും ആ സ്ത്രീകളെ ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് അയാൾ അയച്ചത് ? ഗർഭിണിയാകാതിരിക്കാൻ മുൻകരുതലെടുക്കുന്ന ടാബ്‌ലെറ്റ് കഴിക്കാൻ അവരോരുത്തരും എന്തിന് ആ വൃത്തികെട്ട മൂത്രപ്പുരകളിൽ കയറാൻ തയാറായി ? വൃത്തിഹീനമായ പരിസരത്തുനിന്ന് എങ്ങനെയാണ് വെള്ളമിറക്കാൻ തോന്നുക ? മരുന്നു കഴിച്ച് അൽപസമയം കൂടി അതിനകത്തു നിൽക്കണമെന്നും ഛർദിക്കാൻ സാധ്യതയുണ്ടെന്നുമാണ് അയാൾ അവരോടു പറയുന്നത്. ഛർദിക്കാനാണെങ്കിൽ വഴിയരികിൽ നിന്നാൽ പോരെ ? കളങ്കാവൽ സിനിമ കണ്ടിരുന്നപ്പോൾ മനസ്സിൽ ആദ്യം തോന്നിയത് ഇതാണ്. ഒരു നിവൃത്തിയുണ്ടെങ്കിൽ പൊതുശുചിമുറികളിൽ കയറാതിരിക്കാൻ മണിക്കൂറുകളോളം നിറഞ്ഞ ബ്ലാഡറുമായി യാത്രചെയ്യുന്നവരാണ് സ്ത്രീകളെറെയും. ആ പതിവു തെറ്റിച്ചാണ് കളങ്കാവലിലെ സുന്ദരികളോരോരുത്തരും മരണം വരിക്കുന്നത്.
ആദ്യം വിനായകൻ; പിന്നെ മമ്മൂട്ടി
2 മണിക്കൂർ 17 മിനിറ്റ് നീളമുള്ള സിനിമയുടെ അവസാന നിമിഷങ്ങളിലെ പിരിമുറുക്കം; സ്റ്റാൻലി ദാസ് എന്ന പ്രതിനായകനും നത്ത് ജയകൃഷ്ണൻ എന്ന നായകനും തമ്മിലുള്ള ഫേസ് ഓഫ്; ഇരു അഭിനേതാക്കളും മികച്ച പ്രകടനം പുറത്തെടുത്ത ആ ക്ലൈമാക്സ് രംഗത്തിലാണ് പ്രേക്ഷകർ അതുവരെയുള്ള മുഷിപ്പ് കുടഞ്ഞുകളയുന്നത്. സ്റ്റാൻലിയുടെ ജീവനറ്റ ശരീരം കാറിന്റെ ഡിക്കിയിലെടുത്തിട്ട് നത്ത് വാഹനവുമായി പോകുമ്പോൾ സ്ക്രീനിൽ ആദ്യം തെളിയുന്ന പേര്– വിനായകൻ, രണ്ടാമത് – മമ്മൂട്ടി!
‘കളങ്കാവൽ’ എന്ന മമ്മൂട്ടക്കമ്പനി സിനിമയുടെ സവിശേഷതകളിലൊന്ന് ഈ അവസാനഭാഗത്തെ ക്രെഡിറ്റ് കാർഡ് തന്നെ. മികച്ച രണ്ട് അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രം; അതിലൊരാൾ മലയാളത്തിന്റെ മെഗാസ്റ്റാർ, മറ്റൊന്ന് രജനീകാന്തിനെപ്പോലും വിസ്മയിപ്പിച്ചു വില്ലൻവേഷം ചെയ്ത വിനായകൻ. പക്ഷേ കളങ്കാവലിന്റെ ഹൈപ് തന്നെ ഇവരുടെ റോൾ റിവേഴ്സൽ ആയിരുന്നല്ലോ– മെഗാസ്റ്റാർ സൈക്കോപ്പാത്തായ പ്രതിനായകനും, സ്ഥിരം വില്ലനാകുന്ന വിനായകൻ പൊലീസ് നായകനുമായെത്തുന്ന ‘വിസ്മയം’. മലയാള സിനിമയിൽ അല്ലാതെ വേറൊരിടത്തും സംഭവിക്കാൻ സാധ്യതയില്ലെന്ന് സിനിമാപ്രേമികളും നിരൂപകരും ആവേശം കൊള്ളുന്ന ‘ഫോർമുല’!
മമ്മുട്ടി
മമ്മൂട്ടിയെന്ന അസാധ്യ നടനെ വില്ലനാക്കുന്ന കഥാപാത്രത്തിൽ നിന്നു സിനിമ തുടങ്ങുമ്പോൾ പ്രേക്ഷകരെ കാത്തിരിക്കുന്നത് സ്ഥിരം കള്ളനും പൊലീസും കളിയല്ലെന്ന് വ്യക്തം. എങ്കിലും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലേക്ക് സിനിമയെത്തുന്നത് ഇടവേളയ്ക്കു തൊട്ടുമുൻപു മാത്രം. നിഷ്കളങ്കരായ, അതിസുന്ദരികളായ സ്ത്രീകളെ ഒരു കാരണവുമില്ലാതെ കൊല്ലുന്ന വില്ലനായി മമ്മൂട്ടിയെ കാണുമ്പോൾ ആദ്യമൊരു വല്ലായ്മയും പതർച്ചയുമാണ് പ്രേക്ഷകർ നേരിടുന്നത്. പക്ഷേ കഥാപാത്രത്തിന്റെ ക്രൗര്യവും നിഷ്ഠൂരകൃത്യങ്ങളുടെ സ്വഭാവവും വഴി ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ അദ്ദേഹം അവർക്കു സമ്മാനിക്കുന്നു.
ബഹളം വച്ചുള്ള അഴിഞ്ഞാട്ടങ്ങളില്ലാത്ത, തന്മയത്വത്തോടെയുള്ള അഭിനയം പുറത്തെടുത്ത് വിനായകന്‍ തന്റെ പൊലീസ് വേഷം ഭംഗിയാക്കി. ആദ്യഭാഗം സ്റ്റാൻലിയുടെ വിളയാട്ടത്തിനു വിട്ടുകൊടുത്തശേഷം, ക്ലൈമാക്സിലാണ് വിനായകന്റെ തനിസ്വഭാവം കയ്യടക്കത്തോടെ പുറത്തുവരുന്നത്.
മമ്മൂട്ടിയുടെ തൃഷ്ണയും കളങ്കാവലും
പ്രണയവും ശൃംഗാരവും ലോലഭാവങ്ങളും സ്ക്രീനിലെത്തിക്കാൻ പരിമിതിയുള്ള നടൻ. അഭിനയപ്രതിഭയാണെങ്കിലും മമ്മൂട്ടിയ്ക്കെതിരെ ഈ അഭിപ്രായം നിരത്തിയാൽ ആരാധകർ പോലും വല്ലാതെ എതിർക്കാറില്ല. ആദ്യകാല സിനിമയായ ‘തൃഷ്ണ’യിൽ അല്ലാതെ നായികയുമായി ഇഴുകിച്ചേർന്നുള്ള രംഗങ്ങളില്‍ മമ്മൂട്ടിയെ ആരും കണ്ടിട്ടുമില്ല. ആ ‘ഗ്യാപ്’ ഇട്ടുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ സമാനതകളില്ലാത്ത കൊലപാതക പരമ്പര നടത്തിയ, സ്ത്രീകളെ സ്നേഹം നടിച്ചു വശീകരിച്ചു കൊല്ലുന്ന സയനൈഡ് മോഹൻ എന്ന സീരിയൽ കില്ലറെ അടിസ്ഥാനമാക്കിയുള്ള സ്റ്റാൻലി ദാസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തന്റെ ഇരകളെ ലോഡ്ജിൽ എത്തിച്ച് പ്രാപിച്ച ശേഷമുള്ള ആലസ്യത്തിലും തൊട്ടുപിന്നാലെ നടത്താൻ പോകുന്ന കൊലയുടെ ഉന്മാദത്തിലും സിഗരറ്റ് എരിയിച്ചു പുകച്ചുരുകൾ വിട്ട് സ്റ്റാൻലി കിടക്കുമ്പോൾ ഏതാനും ബട്ടണുകൾ അഴിച്ചിട്ട ഷർട്ടിനിടയിലൂടെ അനാവൃതമാകുന്ന ശരീരം മാത്രമാണ് ആ ‘ഇന്റിമേറ്റ്’ സീനിന്റെ ആകെത്തുക. തൊട്ടടുത്തു കിടക്കുന്ന ഇര ‘കൊള്ളാ’മെന്നു പറയുന്ന സെക്സിനുശേഷവും അയാളുടെ ശരീരവുമായി കൃത്യമായ അകലം പാലിക്കുന്നുണ്ട്. ഈ വിടവിനിടയിലും അവർക്കു കിട്ടുന്ന ഏതാനും നിമിഷങ്ങളിൽ വന്നുപോകുന്ന 22 നടിമാർ മോഹിതയും തരളിതയുമായ സ്ത്രീവേഷം അതീവമനോഹരമാക്കിയിട്ടുണ്ട്. കണ്ണിലും ചൊടിയിലും ചിരിയിലും തുളുമ്പുന്ന പ്രണയം നിറച്ചാണ് അവരോരുത്തരും വന്നുപോകുന്നത്. മുന്നിൽ നിൽക്കുന്നത് അഭിനയ കൊടുമുടി കയറിയ മെഗാസ്റ്റാർ ആണെങ്കിലും എതിരെനിന്നുകൊണ്ട് അനായാസേനയുള്ള മികച്ച പ്രകടനം നടത്തുന്നു നായികമാരുടെ നീണ്ടനിര. മമ്മൂട്ടിയെന്ന അസാധ്യ നടന്റെ പ്രഭാവലയത്തിൽ മങ്ങിപ്പോകാതെ അവർ തെളിഞ്ഞുനിൽക്കുന്നുവെന്നത് സിനിമയുടെ പ്രത്യേകതയായി. ശ്രുതി രാമചന്ദ്രൻ, രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങി അവരോരുത്തരുടെയും ചിരിയും നോട്ടവും മുഖഭാവങ്ങളും സിനിമയ്ക്കു ശേഷവും പ്രേക്ഷകർക്കൊപ്പം പോരും.
വിജയ് വർമയുടെ ആനന്ദ്
സയനൈഡ് മോഹന്റെ കഥ പറയുന്ന വ്യത്യസ്തമായ സിനിമാനുഭവത്തിന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് ‘ദഹാഡ്’ സീരീസ് കാണാം. ബോളിവുഡ് നടൻ വിജയ് വർമ ചെയ്ത കഥാപാത്രത്തിന്റെ ആഴം അപാരമാണ്. എന്തുകൊണ്ട് അത്രയേറെ സ്ത്രീകൾ സയനൈഡ് മോഹന്റെ വലയത്തിൽ ചെന്നുപെട്ടുവെന്നത് വിജയ് ശർമയുടെ അഭിനയത്തിനൊപ്പം പ്രേക്ഷകർക്ക് വിശ്വസനീയമായി വെളിപ്പെടുന്നു. തന്റെ ഇരകളായ സ്ത്രീകളെ അയാൾ പൊതുശുചിമുറികളിലേക്ക് അയക്കുന്ന പശ്ചാത്തലവും വളരെ യുക്തിഭദ്രമായി ‘ദഹാഡി’ൽ കൈകാര്യം െചയ്തിട്ടുണ്ട്.
പൊലീസ് വേഷത്തിലെത്തിയ സോനാക്ഷി സിൻഹയും ഈ സീരിസിൽ മികച്ച പ്രകടനം നടത്തിയിരിക്കുന്നു.