Dies Irae ഹൊറർ വാർപ്പുമാതൃകകൾ തകർത്തെറിഞ്ഞു രാഹുൽ സദാശിവൻ
മലയാളത്തിലെ പതിവ് ഹൊറർ സിനിമാ രീതികളെ തന്നെ മാറ്റി മറിച്ചൊരു സംവിധായകനാണ് രാഹുൽ സദാശിവൻ. ഇത്തവണയും രാഹുൽ പതിവ് തെറ്റിച്ചില്ല. ഡീയസ് ഈറെയിലൂടെ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് അക്ഷരാർത്ഥത്തിൽ കൂട്ടിക്കൊണ്ടു പോകുകയാണ് സംവിധായകൻ.
ഭൂതകാലത്തിലും ഭ്രമയുഗത്തിലും പ്രേകഷകന് കിട്ടിയ എക്സൈറ്റ്മെന്റ് അതിന്റെ ഇരട്ടിയളവിൽ ഡീയസ് ഈറയിലൂടെ അനുഭവിക്കാൻ കഴിയും.
രാഹുലിന്റെ മുൻ ചിത്രങ്ങളിലേതുപോലെ വീട് തന്നെയാണ് ഡീയസ് ഈറെയിലും മെയിൻ. കഥാപാത്രങ്ങൾക്കൊപ്പം ആ വീടുകളും നമുക്കൊപ്പം സഞ്ചരിക്കുന്നു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സംവിധായകൻ ഡീയസ് ഈറെ ഒരുക്കിയിരിക്കുന്നത്.
റോഹൻ (പ്രണവ് മോഹൻലാൽ), മധുസൂദനൻ പോറ്റി (ജിബിൻ ഗോപിനാഥ്), എത്സമ്മ (ജയ കുറുപ്പ്) എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. പ്രണവിന്റെ റോഹനിൽ നിന്നാണ് കഥ തുടങ്ങുന്നത്. പാർട്ടി വൈബും സുഹൃത്തുക്കളുമൊക്കെയായി ആഘോഷജീവിതം നയിക്കുന്ന റോഹനെ തേടി ഒരു മരണ വാർത്ത എത്തുന്നു. റോഹന്റെ സഹപാഠിയുടെ മരണ വാർത്തയാണത്. മരണ വീട്ടിൽ എത്തുന്ന റോഹന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
കെട്ടുറപ്പുള്ള തിരക്കഥയും നിശബ്ദതയിൽ പോലും ഭീതിയുണർത്തുന്ന മേക്കിങ്ങുമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരിഞ്ച് പോലും ബോറടിപ്പിക്കുകയോ മറ്റേതെങ്കിലും ചിന്തകളിലേക്ക് പോകാനോ പ്രേക്ഷകനെ സംവിധായകൻ അനുവദിച്ചിട്ടില്ല. ഈ ചിത്രം തീർച്ചയായും ഹൊറർ സിനിമാ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന കാര്യം ഉറപ്പാണ്.