Image

മമ്മൂട്ടി

കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ

By രേഷ്മ
2025-12-04 | കൊച്ചി

മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ ഓരോ പടങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഏറെ പ്രതീക്ഷകളുമായി കളങ്കാവൽ ഇന്ന് തിയറ്ററുകളിലേക്ക്. 

കുറുപ്പ് എന്ന ചിത്രത്തിന്റെ രചയിതാവ് കൂടിയായ ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ കളങ്കാവൽ ഇതിനോടകം തന്നെ കേരളാ പ്രീസെയിൽസിൽ 1 കോടിയും കടന്ന് കുതിക്കുകയാണ്. ഡിസംബർ അഞ്ചിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിക്ക് മമ്മൂട്ടി നൽകിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഈ അഭിമുഖത്തിന്റെ പല ഭാഗങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

ഈ ചിത്രത്തിലെ ഓരോ കാരക്‌റ്റേഴ്‌സിനും പ്രത്യേക പ്രാധാന്യമുണ്ടെന്നും അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കാരക്ടര്‍ ആണ് സിഗരറ്റ് എന്നും മമ്മൂട്ടി പറയുന്നു. സിഗരറ്റ് വായിലേക്കു വെക്കുന്ന ഒരു ഷോട്ട് ആയിരുന്നു ഡയറക്ടര്‍ പറഞ്ഞത് എന്നാല്‍ അതിനെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോയതെങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

"ഒരു ആക്ടര്‍ കാരക്ടര്‍ ഇംപ്രൂവ് ചെയ്യണമെങ്കില്‍ ഒരു സംവിധായകന്‍ പറയുന്നതിലുപരി സ്വയം ആ കഥാപാത്രം എന്താണെന്ന് മനസിലാക്കി അതില്‍ തന്റേതായ ഒരു കയ്യൊപ്പ് കൊണ്ടുവരണം. അങ്ങനെ ഉള്ളപ്പോള്‍ മാത്രമേ ആ കഥാപാത്രം അതിന്റെ പൂര്‍ണതയിലെത്തുകയുള്ളു".- മമ്മൂട്ടി പറഞ്ഞു.

സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കുറേ കാര്യങ്ങള്‍ ഒരു കഥാപാത്രമായി മാറുമ്പോള്‍ നല്‍കണമെന്നും അങ്ങനെ തന്റേതായ രീതിയില്‍ ആ കാരക്ടര്‍ ഇംപ്രൂവ് ചെയ്യാന്‍ വേണ്ടിയാണ് സിഗരറ്റ് വലിക്കുന്ന രംഗം താന്‍ ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. അത് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമായെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

എല്ലാ സിനിമയിലും പ്രധാന കഥാപാത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ പ്രധാന കഥാപാത്രമായി മാറുന്ന ഒന്നുണ്ടാകും. ഈ സിനിമയിലും അത്തരം ഒരു കഥാപാത്രമുണ്ടെന്നും സിഗരറ്റ് ആണ് കളങ്കാവല്‍ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക ഷോര്‍ട്ട് ഒരുപാട് കഥകൾ പറയും എന്ന് പറയുന്നതു പോലെ എല്ലാ ഷോര്‍ട്ടിലും എന്തെങ്കിലും ഒരു സ്റ്റോറി ഉണ്ടാകും അത്തരം ഒരു ഷോര്‍ട്ട് ആണ് സിഗരറ്റ് വലിക്കുന്ന ഷോട്ടെന്നും മമ്മൂട്ടി പറഞ്ഞു. കളങ്കാവല്‍ സിനിമയില്‍ മുഖ്യ വേഷം തന്നെയാണ് കത്തിയെരിയുന്ന സിഗരറ്റിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കൊപ്പം വിനായകനും ജിബിൻ ഗോപിനാഥും കൂടി എത്തുമ്പോൾ പ്രേക്ഷകർക്കും നൂറ് പ്രതീക്ഷയാണ്. രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, ശ്രുതി രാമചന്ദ്രന്‍, ധന്യ അനന്യ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.