Image

എ.പിയും സ്വാച്ചും ചേർന്നു പുറത്തിറക്കിയ റോയൽ പോപ് കലക്ഷൻ

പ്ലാസ്റ്റിക് ഓട്ടോമാറ്റിക് വാച്ചും ലോകത്തെ ഞെട്ടിച്ച ഉന്തും തള്ളും

പ്രശസ്ത വാച്ച് ബ്രാൻഡായ 'സ്വാച്ച്' (Swatch) തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിൽ നിന്നാണ് എല്ലാം തുടങ്ങിയത്. “Royal”, “Pop” എന്നീ രണ്ട് വാക്കുകൾ മാത്രമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. പക്ഷേ, അതിനുപയോഗിച്ച ഫോണ്ട് കണ്ടയുടൻ വാച്ച് പ്രേമികൾക്ക് കാര്യം മനസ്സിലായി. ലോകപ്രശസ്ത ലക്ഷ്വറി ബ്രാൻഡായ ഓഡിമാർ പിഗെയുടെ (Audemars Piguet - AP) ഐക്കോണിക് മോഡലായ 'റോയൽ ഓക്ക്' (Royal Oak) വാച്ചുകളുടെ അതേ അക്ഷരങ്ങൾ.

സാധാരണയായി ഒരു AP റോയൽ ഓക്ക് വാച്ച് സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് 25 ലക്ഷത്തിലധികം രൂപ വേണം. ആഡംബരത്തിന്റെ അവസാന വാക്കായ AP-യും, സാധാരണക്കാർക്ക് താങ്ങാനാവുന്ന സ്വാച്ചും തമ്മിൽ കൈകോർക്കുന്നു എന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്.

ഒടുവിൽ മേയ് 16 ന് 'AP x Swatch Royal Pop' കളക്ഷൻ വിപണിയിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സ്വാച്ച് ഷോറൂമുകൾക്ക് മുന്നിൽ കണ്ടത് സമാനതകളില്ലാത്ത ജനത്തിരക്ക്.


റോയൽ പോപ്

എന്താണ് ഈ വാച്ചിന്റെ പ്രത്യേകത?


ഒരു ലക്ഷ്വറി റിസ്റ്റ് വാച്ചിന്റെ പ്ലാസ്റ്റിക് പതിപ്പാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിൽ, ബ്രാൻഡുകൾ ഒപ്പുവെച്ചത് തികച്ചും വ്യത്യസ്തമായ സർപ്രൈസ് ആയിരുന്നു. ഇത് കൈത്തണ്ടയിൽ കെട്ടുന്ന വാച്ചല്ല, പകരം കഴുത്തിലും അരയിലും ഒക്കെ സ്റ്റൈലായി ധരിക്കാൻ പറ്റുന്ന കളർഫുൾ പോക്കറ്റ് വാച്ചുകളാണ്.

AP-യുടെ പ്രശസ്തമായ Octagon ആകൃതിയിലുള്ള ബയോസെറാമിക് കേസ്. ബെൽറ്റിലോ ബാഗിലോ ക്ലിപ്പ് ചെയ്യാം, മാല പോലെ കഴുത്തിൽ ധരിക്കാം, അല്ലെങ്കിൽ മേശപ്പുറത്ത് ഒരു ഡെസ്ക് ക്ലോക്ക് ആയി വെക്കാം.


വില: ഏകദേശം $400 (ഏകദേശം 33,000 ഇന്ത്യൻ രൂപ). സാധാരണക്കാരന് സ്വപ്നം കാണാൻ മാത്രം പറ്റുന്ന വൻകിട ബ്രാൻഡിന്റെ ലോഗോ സ്വന്തം ഫാഷന്റെ ഭാഗമാക്കാൻ ഇതിലൂടെ ജെൻ സി ഉൾപ്പെടെയുള്ളവർക്ക് അവസരം ലഭിച്ചു.  


റോയൽ പോപ്

നിയന്ത്രിക്കാനാകാതെ സംഘർഷം


സ്വാച്ചിന്റെ തിരഞ്ഞെടുത്ത റീട്ടെയ്ൽ സ്റ്റോറുകളിൽ നേരിട്ട് ക്യൂ നിൽക്കുന്നവർക്ക് മാത്രമേ ഇത് വാങ്ങാൻ സാധിക്കു.

33,000 രൂപയ്ക്ക് വാങ്ങുന്ന വാച്ച് തൊട്ടടുത്ത ദിവസം തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഒരു ലക്ഷത്തിലധികം രൂപയ്ക്ക് മറിച്ചുവിൽക്കാം എന്ന് മനസ്സിലാക്കിയ റീസെല്ലർമാരും കൂട്ടത്തോടെ ക്യൂവിൽ ഇടംപിടിച്ചു.

ശനിയാഴ്ച പുലർച്ചെ തന്നെ സോഷ്യൽ മീഡിയയിൽ ഇന്ത്യയിലെ സ്വാച്ച് സ്റ്റോറുകൾക്ക് മുന്നിലെ തിക്കും തിരക്കും നിറഞ്ഞ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങി. ബെംഗളൂരുവിലും മുംബൈയിലുമെല്ലാം സ്ഥിതിഗതികൾ കൈവിട്ടുപോയി. 

വൈറ്റ്‌ഫീൽഡിലെ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിലെ സ്വാച്ച് സ്റ്റോറിന് മുന്നിൽ പുലർച്ചെ മുതൽ കിലോമീറ്ററുകളോളം നീണ്ട ക്യൂ ആയിരുന്നു. തിരക്ക് നിയന്ത്രിക്കാനാവാതെ ആളുകൾ പരസ്പരം തള്ളിമറിക്കാൻ തുടങ്ങിയതോടെ സുരക്ഷാ ഭീഷണിയുണ്ടായി. തുടർന്ന് നിശ്ചയിച്ച സമയത്തിലും നേരത്തെ വാച്ചുകൾ വിറ്റുതീർക്കാൻ അധികൃതർ നിർബന്ധിതരായി.

മുംബൈയിലെ അവസ്ഥ ഇതിലും മോശമായിരുന്നു. ക്യൂവിൽ നിന്നവർ തമ്മിൽ കയ്യാങ്കളിയും ബഹളവുമുണ്ടായി. തിരക്കിനിടയിൽ പെട്ടുപോയ ഒരാൾ "ഞങ്ങൾ മൃഗങ്ങളല്ല!" എന്ന് ഉറക്കെ വിളിച്ചുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒടുവിൽ തിക്കും തിരക്കും കാരണം ക്രമസമാധാനം തകർന്നതോടെ മുംബൈയിലെ ലോഞ്ച് ഇവന്റ് സ്വാച്ച് അധികൃതർക്ക് പൂർണ്ണമായും റദ്ദാക്കേണ്ടി വന്നു. (ഇതേ കാരണത്താൽ ദുബായ് മാളിലെ ലോഞ്ചും റദ്ദാക്കിയിരുന്നു).


ബിസിനസ്സ് ലോകത്തെ മാസ്റ്റർ സ്ട്രോക്ക്


പരമ്പരാഗത വാച്ച് പ്രേമികൾ ഈ പ്ലാസ്റ്റിക് വാച്ചിനെ വിമർശിക്കുന്നുണ്ടെങ്കിലും, ബിസിനസ്സ് പരമായി ഇത് വലിയൊരു വിജയമാണ്. സ്വാച്ച് ബ്രാൻഡിന് ഇത് വലിയൊരു സാമ്പത്തിക ലാഭവും ഹൈപ്പും നേടിക്കൊടുത്തു. അതേസമയം ഓഡിമാർ പിഗെ (AP) തങ്ങളുടെ ബ്രാൻഡ് വാല്യു പുതിയ തലമുറയിലേക്ക് എത്തിക്കുകയും ചെയ്തു. (ഈ വിപണനത്തിലൂടെ ലഭിക്കുന്ന ലാഭം മുഴുവൻ പുതിയ വാച്ച് മേക്കർമാരെ പരിശീലിപ്പിക്കുന്നതിനായി സംഭാവന ചെയ്യുമെന്നാണ് AP അറിയിച്ചിരിക്കുന്നത്).

വാച്ചുകൾ എന്നത് വെറും സമയം നോക്കാനുള്ള ഒരു ഉപകരണം മാത്രമല്ല, അത് തങ്ങളുടെ സ്റ്റൈലിന്റെയും ആധുനിക പോപ്പ് സംസ്‌കാരത്തിന്റെയും ഭാഗമാണെന്ന് 'റോയൽ പോപ്പ്' വീണ്ടും തെളിയിച്ചിരിക്കുകയാണ്.