Image

ചെരുപ്പിനെ പുറത്തു നിർത്തി ലാക്മേ ഫാഷൻ വീക്ക്

By ദിയ
2025-10-12 | ന്യൂഡൽഹി

ഈസ് ഹീൽസ് ഔട് ഓഫ് ദ് ഫാഷൻ റൺവേ? തീർത്തും അപ്രതീക്ഷിതമായ കാര്യമാണ് ഇക്കുറി ഡൽഹിയിലെ ലാക്മേ– എഫ്ഡിസിഐ ഫാഷൻവീക്കിൽ നടന്നത്. ഹീൽസ് പോയിട്ട് ചെരുപ്പുപോലും വേണ്ട എന്ന നിലപാടാണ് ഫാഷൻ വീക്കിൽ കണ്ടത്.

ചെരുപ്പു ധരിക്കാതെ റൺവേയിൽ നടക്കാൻ ആദ്യം ധൈര്യം കാണിച്ചത് ബോളിവുഡ് നടി തബുവാണ്. ഡിസൈനർ മോഹിത് റായിയുടെ ‘നൂർ’ കലക്ഷന്റെ ഷോസ്റ്റോപ്പർ ആയെത്തിയ തബു അതിമനോഹരമായി ചുവടുകൾ വച്ചു വേദിയിലെത്തി. പരമ്പരാഗത മിറർ വർക്ക് രീതിയായ ‘ശീഷ് പഷിദ ജാൽ’ മനോഹരമാക്കിയ ബ്രൈഡൽവെയർ ഡിസൈനുകളായിരുന്നു കലക്ഷനിൽ.

എമറാൾഡ് ഗ്രീൻ നിറത്തിലുള്ള ബനാറസി ബ്രോക്കേഡ് അനാർക്കലി ധരിച്ചെത്തിയ തബു സദസ്സിനു മുന്നിൽ നിന്നു വസ്ത്രത്തിന്റെ വിരിവുകൾ വട്ടത്തിൽ കറക്കിയപ്പോഴാണ് പലരും ശ്രദ്ധിച്ചത്; താരം ചെരുപ്പില്ലാതെയാണ് റൺവേയിൽ നടന്നത്.

ഞായറാഴ്ച വൈകിട്ട് നടന്ന നെക്സ സ്പോട്‌ലൈറ്റ് ഷോയിൽ ഡിസൈനർ നൗഷാദ് അലിയുടെ ‘കണ്ടിന്യൂവം’ കലക്ഷൻ അവതരിപ്പിച്ച മോഡലുകൾക്ക് ആർക്കും തന്നെ ചെരുപ്പുകളുണ്ടായില്ല. നഗ്നപാദരായാണ് അവർ റൺവേയിലൂടെ നടന്നത്.

രാജ്യാന്തര ഫാഷൻ റൺവേകളിൽ ഉൾപ്പെടെ ഹീൽസ് ഒഴിവാക്കിയുള്ള വേറിട്ട പരീക്ഷണങ്ങൾ രംഗത്തെത്തുന്നതാണ്  അടുത്തിടെ കണ്ടത്. ഹീൽസിനു പകരം സ്ലിപ്പറുകൾ ധരിച്ച് ചുവടുവയ്ക്കുന്ന മോഡലുകള്‍ കൗതുകമുണർത്താതെയായി.

 

ഫാഷൻ എന്നാൽ കംഫർട് ആണെന്ന് തിരുത്തിയെഴുതുന്ന തലമുറയുടെ കാലത്ത് ഇത്തരം പരീക്ഷണങ്ങൾ സ്വാഭാവികം മാത്രം. പക്ഷേ ഫാഷൻവീക്ക് പോലെ ഗൗരവമുള്ള വേദികളിൽ ഇത്തരം നടപടികൾ എത്രത്തോളം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നത് സംശയകരം. ഒരു വസ്ത്രം റൺവേയിലെത്തുമ്പോൾ ആക്സസറികൾ കൂടി ചേർത്തുള്ള സമ്പൂർണ ലുക്കാണ് ഒരുക്കുന്നത്.