ബജറ്റ് ഫാഷൻ യുദ്ധം; 999 രൂപയിൽ ഇന്ത്യ കീഴടക്കാൻ കോർപ്പറേറ്റ് ഭീമന്മാർ.
സ്റ്റൈലിനായി ലക്ഷങ്ങൾ ചിലവാക്കുന്ന കാലം കഴിഞ്ഞു! കയ്യിൽ 1000 രൂപയുണ്ടോ? എങ്കിൽ ഏറ്റവും ലേറ്റസ്റ്റ് ട്രെൻഡിലുള്ള കംപ്ലീറ്റ് 'ലുക്ക്' തന്നെ നിങ്ങൾക്ക് സെറ്റ് ചെയ്യാം.
മുംബൈയിലെ തെരുവുകൾ മുതൽ കേരളത്തിലെ ടൗണുകളിൽ വരെ ഇന്ന് വാല്യൂ ഫാഷൻ്റെ (Value Fashion) വിപ്ലവമാണ്. . 999 രൂപ എന്ന മാന്ത്രിക സംഖ്യയ്ക്ക് താഴെ എങ്ങനെ ഒരു കിടിലൻ 'ഫിറ്റ്' നൽകാം എന്നതിലാണ് ഇന്ന് ബ്രാൻഡുകൾ തമ്മിലുള്ള മത്സരം. 2026-ൽ ഇന്ത്യയിലെ ഫാഷൻ വിപണിയിലെ ഈ മാറ്റങ്ങൾ എങ്ങനെയൊക്കെയാണെന്ന് നോക്കാം.

വിപ്ലവത്തിന് തുടക്കമിട്ടതാര്?
പതിറ്റാണ്ടുകൾക്ക് മുമ്പ് 'മോണ്ടെ കാർലോ' (Monte Carlo), 'കില്ലർ ജീൻസ്' (Killer Jeans) തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ സംഘടിത റീട്ടെയിൽ മേഖലയ്ക്ക് തുടക്കമിട്ടിരുന്നു. എന്നാൽ വലിയ സ്റ്റോറുകളിൽ കുറഞ്ഞ വിലയിൽ പാശ്ചാത്യ വസ്ത്രങ്ങൾ എത്തിക്കുന്ന ഇന്നത്തെ രീതിക്ക് തുടക്കമിട്ടത് മാക്സ് ഫാഷൻ (Max Fashion) ആണ്.
ദുബായ് ആസ്ഥാനമായ ലാൻഡ്മാർക്ക് ഗ്രൂപ്പിൻ്റെ കീഴിലുള്ള മാക്സ് ഫാഷൻ 2006-ൽ ഇൻഡോറിലാണ് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നത്. ഫാഷൻ എന്നത് വലിയ വില കൊടുത്ത് വാങ്ങേണ്ട ഒന്നല്ല എന്ന് ഇന്ത്യൻ ഉപഭോക്താക്കളെ പഠിപ്പിക്കാൻ അവർക്ക് ഏകദേശം രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു. എന്നാൽ, ടാറ്റ ഗ്രൂപ്പിൻ്റെ സൂഡിയോ (Zudio) രംഗത്തെത്തിയതോടെ ഈ മേഖലയിൽ വലിയൊരു മാറ്റമുണ്ടായി. വസ്ത്രങ്ങൾക്ക് 999 രൂപ എന്ന ഉയർന്ന പരിധി നിശ്ചയിച്ചുകൊണ്ട് അവർ സാധാരണക്കാരുടെ മനസ്സ് കീഴടക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളെല്ലാം ഇന്ന് ബജറ്റ് ഫാഷൻ വിപണിയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

മെട്രോകളിൽ നിന്ന് ചെറുപട്ടണങ്ങളിലേക്ക്
"എത്ര മാളുകളിൽ സ്റ്റോർ തുടങ്ങാം" എന്നതിൽ നിന്നും "എത്ര പിൻകോഡുകളിൽ ആധിപത്യം സ്ഥാപിക്കാം" എന്നതിലേക്കാണ് 2026-ൽ ബിസിനസ് ലോകം മാറിയിരിക്കുന്നത്.
റിലയൻസിൻ്റെ കരുത്ത്: 'റിലയൻസ് ട്രെൻഡ്‌സി'ൻ്റെ വിപുലമായ വിതരണ ശൃംഖല ഉപയോഗിച്ച് 'യുസ്ത' എന്ന ബ്രാൻഡിനെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് അതിവേഗം എത്തിക്കാൻ റിലയൻസിന് സാധിച്ചു.
ടാറ്റയുടെ കാര്യക്ഷമത: ലാഭക്ഷമതയുടെ കാര്യത്തിൽ സൂഡിയോ ഇപ്പോഴും മുന്നിലാണ്. ബജറ്റ് ഫാഷൻ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാൻഡായി മാറാൻ അവർക്ക് കഴിഞ്ഞു.
ബിർളയുടെ മറുപടി:
ആദിത്യ ബിർള ഗ്രൂപ്പിൻ്റെ പുതിയ ബ്രാൻഡായ 'ഓൺഡ്!' (OWND!) വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുന്നുണ്ട്. പഴയ 'സ്റ്റൈൽ അപ്പ്' (Style Up) രൂപം മാറ്റിയാണ് യുവാക്കളെ ലക്ഷ്യമിട്ട് ഓൺഡ്!' പുതിയ ബ്രാൻഡായി അവതരിപ്പിച്ചത്.
ലക്നൗ, നാഗ്പൂർ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത്. പുതിയ മാളുകളിൽ ഏറ്റവും കൂടുതൽ ഇടം പിടിക്കുന്നത് ഇത്തരം ബജറ്റ് ബ്രാൻഡുകളാണ്.
ഭാവിയിലെ വെല്ലുവിളികൾ
വില്പന വർദ്ധിക്കുന്നുണ്ടെങ്കിലും ലാഭവിഹിതം നിലനിർത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. റിലയൻസും ആദിത്യ ബിർളയും വിപണിയിൽ ശക്തമായി മത്സരിക്കുമ്പോൾ ഉപഭോക്താക്കളെ പിടിച്ചുനിർത്താനുള്ള ചിലവ് ഏറുന്നു. കൂടാതെ, ഇന്നത്തെ യുവാക്കൾ പരിസ്ഥിതി സൗഹൃദമായ (Sustainable) വസ്ത്രങ്ങളോട് താല്പര്യം കാണിക്കുന്നവരാണ്. കുറഞ്ഞ വിലയിൽ ട്രെൻഡി വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ തന്നെ അവ പരിസ്ഥിതിക്ക് ദോഷകരമാകാൻ പാടില്ല എന്ന സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാകും വരും വർഷങ്ങളിൽ ഈ കമ്പനികൾ നേരിടുന്ന പ്രധാന പരീക്ഷണം.