കൊറിയൻ താളത്തിൽ ശിവതാണ്ഡവം: വൈറലായി 'കെ-ഭജൻ'
കൊറിയൻ സംഗീതത്തിന്റെ ചടുലതയും ഇന്ത്യൻ ആത്മീയതയുടെ ഗാംഭീര്യവും ഒന്നിച്ചാൽ എങ്ങനെയുണ്ടാകും? യുവജനങ്ങൾക്കിടയിൽ തരംഗമായ ഭജൻ ക്ലബ്ബിങ്ങിന് പുതിയ ട്വിസ്റ്റായി കെ - ഭജൻ എത്തിക്കഴിഞ്ഞു. മഹാശിവരാത്രി ആഘോഷങ്ങൾക്ക് ആവേശം പകരാൻ പക്ക 'കെ-ഭജൻ' ട്രാക്കുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് 17-ലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന കൊറിയൻ ഗായകൻ ഓറ.
"ശിവ ശിവം" എന്നു പേരിട്ട സംഗീത വിഡിയോ ഭാരതീയ സംസ്കാരത്തിനുളള ഓറയുടെ ആദരം കൂടിയാണ്. പൗരാണിക സംസ്കൃത മന്ത്രങ്ങളെയും ആധുനിക കെ-പോപ്പ് ബീറ്റുകളെയും കോർത്തിണക്കിയുള്ള ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണിത്.
മലയാളികൾക്ക് പരിചിതനാണ് താരം. കൊറിയയിൽ നിന്ന് 3 വർഷം മുൻപ് ഇന്ത്യയിലെത്തിയ താരം ആദ്യം ഒരുക്കിയ ഗാനം മലയാളം വരികൾ ഉൾപ്പെട്ട തിത്തിത്താര ആയിരുന്നു.

കൊറിയൻ ശിവതാണ്ഡവം
പരമ്പരാഗതമായി കേട്ടു ശീലിച്ച ഭക്തിഗാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, ഹൈ-എനർജി സിന്ത്-പോപ്പ് (Synth-pop) ബീറ്റുകളും ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കും കോർത്തിണക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. "ഓം നമശിവായ" എന്ന പുണ്യ മന്ത്രം കെ-പോപ്പിന്റെ തനതായ താളത്തിനൊപ്പം മുഴങ്ങുമ്പോൾ അത് കേൾവിക്കാർക്ക് ഒരു പുതിയ അനുഭവമായി മാറുന്നു. ഇതിനു പശ്ചാത്തലമൊരുക്കാൻ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടുന്ന 808 ബേസ് ലൈനുകൾക്കൊപ്പം ഭഗവാൻ ശിവന്റെ ഡംരൂ നാദവും മനോഹരമായി താരം കൂട്ടിയിണക്കിയിട്ടുണ്ട്.
ദൃശ്യഭംഗിയുടെ കാര്യത്തിലും ഔറ ഒട്ടും പിന്നിലല്ല. ആധുനിക സ്ട്രീറ്റ് വെയർ വസ്ത്രധാരണത്തിനൊപ്പം ഇന്ത്യൻ ആഭരണങ്ങളും ചേർത്തുള്ള താരത്തിന്റെ ലുക്ക് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഭഗവാൻ ശിവന്റെ നൃത്തരൂപമായ താണ്ഡവത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള അതിവേഗ നൃത്തച്ചുവടുകൾക്കിടയിൽ താരം മുദ്രകൾ ഉപയോഗിച്ചിരിക്കുന്നത് ഈ മ്യൂസിക് വീഡിയോയെ കൂടുതൽ ആകർഷകമാക്കുന്നു. "ദൈവഭക്തി എന്നത് കേവലം ശാന്തമായി ഇരിക്കുക മാത്രമല്ല, അതൊരു വലിയ ഊർജ്ജപ്രവാഹമാണ്" എന്ന് വിശ്വസിക്കുന്ന ഔറ, പുതിയ പരീക്ഷണത്തിലൂടെ ആഗോളതലത്തിലുള്ള യുവതലമുറയെ ഇന്ത്യൻ സംസ്കാരത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നത്.
സോഷ്യൽ മീഡിയയിൽ ഈ ഗാനം വൈറലായതോടെ ഭക്തിഗാന രംഗത്തെ ഈ വലിയ മാറ്റത്തെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹാർമോണിയത്തിന്റെയും തബലയുടെയും അകമ്പടിയോടെ ക്ഷേത്രങ്ങളിൽ കേൾക്കുന്ന പതിവ് ശൈലിയിൽ നിന്നും മാറി, നിയോൺ വെളിച്ചത്തിൽ സിനിമാറ്റിക് ഭംഗിയോടെ എത്തിയ ഈ 'കെ-മിക്സ്' ഒരു വിപ്ലവം തന്നെയാണെന്ന് ആരാധകർ പറയുന്നു. മുംബൈയിൽ നടന്ന ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ മന്നാറ ചോപ്ര ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.

ഇന്ത്യയുടെ 'കൊറിയൻ മരുമകൻ'
തന്റെ സംഗീതത്തിൽ 80 ശതമാനവും ഇന്ത്യൻ പാട്ടുകളാണെന്ന് പറയുന്ന ഔറ, കൊറിയൻ-ഇന്ത്യൻ സംസ്കാരങ്ങളുടെ ഒരു സങ്കരയിനം (Indi-K) സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. യുവതലമുറയിലേക്ക് ഇന്ത്യൻ സംസ്കാരത്തെ എത്തിക്കുകയാണ് ഈ കെ-ഭജനിലൂടെ താരം ലക്ഷ്യമിടുന്നത്.
സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഗാനം തരംഗമായിക്കഴിഞ്ഞു. ഭക്തിഗാനങ്ങളെ ഇത്രയും ഊർജ്ജസ്വലമായി അവതരിപ്പിക്കാൻ കഴിയുമോ എന്ന് ചോദിച്ചവർക്ക് ഔറയുടെ മറുപടിയാണ് ഈ ഹിറ്റ്. "പരമ്പരാഗതമായ ഭക്തിഗാനങ്ങളെ ഞങ്ങളുടെ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് വളരെ മനോഹരമായിരിക്കുന്നു," എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ഈ ശിവരാത്രി നാളിൽ ക്ഷേത്രങ്ങളിലെ മന്ത്രോച്ചാരണങ്ങൾക്കൊപ്പം ഈ ചടുലമായ കെ-ഭജനും ഇന്ത്യയിലെ തെരുവുകളിൽ മുഴങ്ങിക്കേൾക്കുമെന്ന് ഉറപ്പാണ്.