പർപ്പിൾ വസന്തം തിരിച്ചെത്തുന്നു: ഇന്ത്യ കാത്തിരുന്ന ആ പ്രഖ്യാപനം ഉണ്ടാകുമോ? അറിയാം 14 ന്
ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകപ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് (BTS) തിരിച്ചെത്തുന്നു. അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനവും സോളോ കരിയറിലെ തിരക്കുകളും കഴിഞ്ഞ് ആർഎം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്‌കുക്ക് എന്നീ ഏഴ് പേരും വീണ്ടും ഒന്നിക്കുന്നതോടെ ആഗോള സംഗീത വിപണി മറ്റൊരു 'പർപ്പിൾ' യുഗത്തിലേക്ക് കടക്കുകയാണ്.

'പർപ്പിൾ ലെറ്റർ'
കൗണ്ട്ഡൗൺ
2026 ജനുവരി ഒന്നിന് ഫാൻ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ 'വീവേഴ്സിലൂടെ' (Weverse) ആരാധകർക്ക് ലഭിച്ച നിഗൂഢമായ പോസ്റ്റ് കാർഡുകളിലൂടെയാണ് ഈ തിരിച്ചുവരവിന്റെ സൂചനകൾ ലഭിച്ചത്. അംഗങ്ങൾ കൈപ്പടയിൽ എഴുതിയ സന്ദേശങ്ങൾക്കൊപ്പം 2026 മാർച്ച് 20 എന്ന തീയതിയും അതിലുണ്ടായിരുന്നു. പിന്നാലെ 'BIGHIT MUSIC' ഈ തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും 2026bts.com എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്യുകയും ചെയ്തു. ഗ്രൂപ്പിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് പൂർണ്ണമായും ക്ലീൻ ചെയ്തത് സോളോ കരിയറുകളിൽ നിന്ന് ഗ്രൂപ്പ് കരിയറിലേക്കുള്ള മാറ്റത്തിന്റെ അടയാളമായി ആരാധകർ കണക്കാക്കുന്നു.

'ദ ഫിഫ്ത് ആൽബം':
14 ഗാനങ്ങൾ
2022-ലെ 'പ്രൂഫ്' (Proof) എന്ന ആന്തോളജി ആൽബത്തിന് ശേഷം ബിടിഎസ് പുറത്തിറക്കുന്ന ആദ്യ സമ്പൂർണ്ണ സ്റ്റുഡിയോ ആൽബമാണിത്. നിലവിൽ 'The 5th Album' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രോജക്റ്റിൽ 14 ഗാനങ്ങളുണ്ടാകും. തങ്ങളുടെ സൈനിക സേവന കാലത്തെ അനുഭവങ്ങളും ചിന്തകളും കോർത്തിണക്കിയ ആൽബം അവരുടെ കരിയറിലെ ഏറ്റവും സത്യസന്ധമായ സംഗീത ആവിഷ്കാരമായിരിക്കുമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് അറിയിച്ചു.
ആൽബം റിലീസ്: 2026 മാർച്ച് 20 (ഇന്ത്യൻ സമയം രാവിലെ 9:30-ന്)
പ്രീ-ഓർഡർ: ജനുവരി 16 മുതൽ ആരംഭിക്കും.
ലോക സംഗീത പര്യടനം
ആൽബം റിലീസിനൊപ്പം തന്നെ ആരാധകരെ ആവേശത്തിലാക്കുന്നത് വരാനിരിക്കുന്ന വേൾഡ് ടൂർ പ്രഖ്യാപനമാണ്. ജനുവരി 14-ന് ഇതിന്റെ ഷെഡ്യൂൾ പുറത്തുവിടും. ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 65-ലധികം വേദികളിൽ ഗ്രൂപ്പ് പ്രകടനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗീത പര്യടനമായി ഇത് മാറുമെന്നാണ് സംഗീത വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
മുംബൈ പട്ടികയിലുണ്ടാകുമോ?
ഇന്ത്യയ്ക്ക് പ്രതീക്ഷയേറെ
ഇന്ത്യൻ 'ആർമി' ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ മുംബൈയിൽ എത്തുമോ എന്നതിനാണ്. 2020-ലെ കോവിഡ് മഹാമാരി കാരണം റദ്ദാക്കിയ ടൂറിൽ മുംബൈ ഉൾപ്പെട്ടിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു.
Live Nation ചോർത്തിയ ടൂർ വിവരങ്ങളിൽ സിയോൾ, ലണ്ടൻ, ലോസ് ഏഞ്ചൽസ് എന്നിവയ്ക്കൊപ്പം മുംബൈയുടെ പേരും ഇടംപിടിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. അടുത്തിടെ നടന്ന ഒരു ലൈവ് സെഷനിൽ, മുൻപ് പോകാൻ കഴിയാതിരുന്ന പുതിയ സ്ഥലങ്ങൾ സന്ദർശിക്കാൻ താൽപ്പര്യമുണ്ടെന്ന് അംഗങ്ങളായ വി-യും സുഗയും പറഞ്ഞിരുന്നു. വീവേഴ്സ് ചാറ്റിൽ "ഇന്ത്യൻ ആർമി സീയൂ നെക്സ്റ്റ് ഇയർ " എന്നു വി പറഞ്ഞതും ആരാധകരുടെ ആവേശം ഉയർത്തുന്നു.
എഡ് ഷീരൻ, കോൾഡ് പ്ലേ തുടങ്ങിയ പ്രമുഖർ ഇന്ത്യയിൽ വിജയകരമായി ഷോകൾ നടത്തിയ പശ്ചാത്തലത്തിൽ, ഡി.വൈ പാട്ടീൽ സ്റ്റേഡിയം പോലെയുള്ള വേദികൾ ബിടിഎസിനെ സ്വീകരിക്കാൻ സജ്ജമാണ്. ജനുവരി 14-ലെ പ്രഖ്യാപനത്തിനായി #BTSinIndia2026 എന്ന ഹാഷ്‌ടാഗുമായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ.