എഡ് ഷീറനും ഹനുമാൻകൈൻഡും ഒരുമിക്കുന്നു.
പ്രശസ്ത രാജ്യാന്തര സംഗീതകാരൻ എഡ് ഷീറനും മലയാളിയായ റാപ്പർ ഹനുമാൻകൈൻഡും ഒരുമിക്കുന്നു. എഡ് ഷീറൻ്റെ "Don't Look Down" എന്ന ഗാനത്തിൻ്റെ പുതിയ പതിപ്പിനായാണിത്. Play എന്ന ആൽബത്തിൻ്റെ റീമിക്സ് ഇ.പി.യിലാണ് ഈ ഗാനം പുറത്തിറക്കിയത്. ഇതിൽ, ഹനുമാൻകൈൻഡിനൊപ്പം ദക്ഷിണേന്ത്യൻ ഗായികയായ ധീയും (Dhee) സംഗീതസംവിധായകൻ സന്തോഷ് നാരായണനും അണിനിരക്കുന്നുണ്ട്.
ദക്ഷിണേന്ത്യയെയും തമിഴ് ഭാഷയെയും പ്രതിനിധീകരിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി ഷീരൻ പറഞ്ഞു.
ഹനുമാൻകൈൻഡിനെയും സന്തോഷ് നാരായണൻ, ധീ എന്നിവരെയും പ്രശംസിച്ചുകൊണ്ട് എഡ് ഷീരൻ കൂട്ടിച്ചേർത്തു: “എനിക്ക് എച്ച്.എം.കെയെ ഒരുപാട് ഇഷ്ടമാണ്, കോച്ചെല്ലയിൽ വെച്ച് ഹനുമാൻ കൈൻ ഡിനെ കാണാനും അവന്റെ ഷോ കാണാനുമുള്ള അവസരം ലഭിച്ചു. അവന്റെ ഊർജ്ജസ്വലതയും ഫീലും എന്നെ വല്ലാതെ ആകർഷിച്ചു. അന്ന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു, ഇപ്പോഴാണ് ഈ അവസരം വന്നത്. സന്തോഷ് മികച്ച ചലച്ചിത്ര സംഗീതസംവിധായകരിൽ ഒരാളാണ്, ധീയെ അദ്ദേഹമാണ് എനിക്ക് പരിചയപ്പെടുത്തിയത്. അവർ അതിമനോഹരമായ പ്രകടനം കാഴ്ചവെച്ചു.”
ഇന്ത്യയിൽ പ്ലേ എന്ന ആൽബത്തിൽ പ്രവർത്തിച്ചതിലുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് എഡ് ഷീരൻ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു, “ഇന്ത്യയിൽ വെച്ച് പ്ലേയുടെ നിർമ്മാണവും പൂർത്തിയാക്കലും വളരെ രസകരമായ അനുഭവമായിരുന്നു, എനിക്ക് എല്ലാത്തരം സംഗീതങ്ങളെയും സംസ്കാരങ്ങളെയും പരിചയപ്പെടാൻ സാധിച്ചു”