പ്രതീക്ഷിച്ച ഫലം തരാത്തതെന്തേ ? ഗ്രീൻ ടീയെക്കുറിച്ച് ചില രഹസ്യങ്ങൾ...
ട്രെൻഡ് ആയി മാറിയ ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഗ്രീൻ ടീ. എന്നാലിപ്പോൾ ഈ ട്രെൻഡിന് പിന്നാലെ പോയ മിക്കയാളുകളും നിരാശയിലാണ്. പ്രതീക്ഷിച്ച ഫലം നൽകുന്നില്ല എന്നതാണ് പ്രധാന കാരണം. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഗ്രീന്‍ ടീ കേമനാണെന്നതിൽ യാതൊരു തര്‍ക്കവുമില്ല. ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതുമാണ്.
ശരീരഭാരം കുറയ്ക്കുകയും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ചെയ്യുന്നതിനോടൊപ്പം, പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഗ്രീൻ ടീയ്ക്ക് കഴിയും. പക്ഷേ ഈ ഗുണങ്ങള്ളൊക്കെ പൂര്‍ണമായും ലഭ്യമാകാന്‍ ഇത് ഉപയോഗിക്കുന്ന രീതി ശെരിയാക്കണം.
ഗ്രീൻ ടീ കുടിക്കുമ്പോൾ ഒഴിവാക്കേണ്ട ഏഴ് അബദ്ധങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വെറും വയറ്റില്‍ വേണ്ട
ഗ്രീന്‍ ടീയില്‍ ടാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി വര്‍ധിപ്പിക്കും. അസിഡിറ്റി വയറ്റില്‍ അസ്വസ്ഥത, ദഹനക്കേട്, ഓക്കാനം എന്നിവ ഉണ്ടാക്കാം. അതുകൊണ്ട് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഭക്ഷണം കഴിച്ച് 30 മിനിറ്റിന് ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് നല്ലത്.
അമിതമായാൽ അമൃതും വിഷം
ഗ്രീന്‍ ടീയുടെ കാര്യത്തിലും പാലിക്കേണ്ട പ്രധാന നിയമം, മിതത്വമാണ്. അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദഹനപ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.
ഉറങ്ങുന്നതിന് മുന്‍പ് പാടില്ല
ഗ്രീന്‍ ടീ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുടിക്കുന്നത് ഉറക്കചക്രത്തെ തടസപ്പെടുത്താം. ഇത് ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠ പോലുള്ള അവസ്ഥയ്ക്കും കാരണമാകാം.
ഭക്ഷണത്തിന് പിന്നാലെ നല്ലതല്ല
ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്രീന്‍ ടീ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തും. ഇത് കാലക്രമേണ വിളര്‍ച്ചയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ച് കുറഞ്ഞത് അര മണിക്കൂറിന് ശേഷം ഗ്രീന്‍ ടീ കുടിക്കാം.
തിളപ്പിക്കരുത്
സാധാരണ ചായ തിളപ്പിക്കുന്ന പോലെ ഗ്രീന്‍ ടീ തിളപ്പിക്കാൻ നിൽക്കരുത്. ഇത് അവയുടെ ഗുണങ്ങളെ നശിപ്പിക്കാനും കയ്പ്പ് രുചിക്കാനും കാരണമാകും. വെള്ളം തിളപ്പിച്ച ശേഷം താപനില 80 മുതല്‍ 85 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന ശേഷം ഗ്രീന്‍ ടീ ബാഗ് ഇട്ട് കുടിക്കാവുന്നതാണ്.
മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍
രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവയുള്‍പ്പെടുള്ള ചില മരുന്നുകളോട് ഗ്രീന്‍ ടീ പ്രതികരിച്ചേക്കാം. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറോട് നിര്‍ദേശം തേടണം.
ടീ ബാഗുകള്‍
ഗ്രീന്‍ ടീ ബാഗുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കരുത്. ഉപയോഗിച്ച ടീ ബാഗുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ അവയുടെ രുചിയും ഗുണങ്ങളും നഷ്ടപ്പെടാന്‍ കാരണമായേക്കാം.