ശരീരഭാരം നിയന്ത്രിക്കാൻ പപ്പായ
അനേകം പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പപ്പായ. ഇതിന്റെ സാവിശേഷതകളറിഞ്ഞവർ പപ്പായ ഇഷ്ടമില്ലെങ്കിൽ പോലും കഴിച്ചുപോകും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴമാണ് പപ്പായ. മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ അല്പം കൂടുതൽ ആണെന്ന് പറയാം.
പപ്പായ രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ദഹന പിന്തുണ നൽകുന്നതാണ്. ലയിക്കുന്ന നാരുകൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുകയും ദഹനനാളത്തിന് ആശ്വാസം നൽകുന്ന വിധത്തിൽ ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
എന്നാല്‍ ലയിക്കാത്ത നാരുകൾ മലത്തിൽ ബൾക്ക് ചേർക്കുകയും കാര്യങ്ങൾ സുഗമമായി നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്കും ഇടയ്ക്കിടെ മലബന്ധം അനുഭവപ്പെടുന്നവർക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും.
പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീൻ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്നതാണ്. രാത്രി ഭക്ഷത്തിന് ശേഷം വയറു വീർക്കൽ, വയറിനുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഒഴിവാക്കാൻ രാത്രി പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല, ഇത് ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

152 ഗ്രാം പപ്പായ എടുത്താൽ ആകെ 68 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്, കലോറി കുറവായതു കൊണ്ട് തന്നെ അത്താഴത്തിന് ശേഷമോ ഭക്ഷണത്തിനിടയ്ക്കോ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ വളരെ അനുയോജ്യമാണ്. ഇതിലെ ഉയർന്ന അളവിൽ അടങ്ങിയ നാരുകളും ജലാംശവും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും, വയറു വീർക്കൽ കുറയ്ക്കാനും, കൂടുതൽ നേരം വയറു നിറയാനും സഹായിക്കുന്നു. അത്താഴത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിച്ചാൽ പപ്പായ നല്ലൊരു ഒപ്ഷനാണ്. ഇത് മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തും.

പപ്പായ കഴിച്ചാൽ ജലദോഷം? അറിയാം ചില മിഥ്യധാരണകൾ
അതേസമയം രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. നിങ്ങളുടെ വയർ സെൻസിറ്റീവ് ആണെങ്കിൽ രാത്രി അമിത അളവിൽ പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഇത് വയറു വീർക്കലിന് കാരണമാകാം.
പാലിനൊപ്പം ഒരിക്കലും പപ്പായ കഴിക്കരുത്. ഇത് ദഹനക്കേട് ഉണ്ടാക്കാം.
അത്താഴത്തിന് തൊട്ടുപിന്നാലെ ഒരിക്കലും പപ്പായ കഴിക്കരുത് (കുറഞ്ഞത് ഒരു മണിക്കൂർ). ഇതും ദഹനക്കേടിലേക്ക് നയിക്കാം.
രാത്രിയിൽ പപ്പായ കഴിക്കുന്നത് ജലദോഷത്തിന് കാരണമാകുമെന്നും കഫം കൂടുമെന്നും ഒരു പൊതുധാരണയുണ്ട്, എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ, പപ്പായയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷത്തിന് കാരണമാകുന്നതിനുപകരം പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.