Image

നടത്തം

നടത്തം വേഗത്തിലാണോ: നിങ്ങളുടെ സ്വഭാവത്തിന് ചില പ്രത്യേകതകളുണ്ട്

By Reshma
2026-01-19 | Kochi

മനുഷ്യർ നടക്കുന്നത് പല പല തരത്തിലാണ്. ശ്രദ്ധിച്ചാൽ കൗതുകകരമാണ് മനുഷ്യന്റെ നടത്തം. ചിലർ ചുറ്റുമുള്ള കാഴ്ചകളിൽ സന്തോഷിച്ചും പരിഭവിച്ചും സാവധാനം നടക്കും, മറ്റുചിലർ ചെവിയിൽ ഇയർഫോണുകൾ തിരുകി തന്റെ ലോകത്തായിരിക്കും. മറ്റ് ചിലർ, സമയത്തോട് മല്ലടിച്ച് പായുന്നത് കാണാം. അത് എന്തെങ്കിലും തിരക്കുണ്ടായിട്ടോ കഠിനാധ്വാനമോ അല്ല, സമയം എന്തിന് വെറുതെ കളയണമെന്നതാണ് അവരുടെ ചിന്ത. മനഃശാസ്ത്രത്തിൽ ഇക്കൂട്ടർക്ക് ചില സ്വഭാവസവിശേഷതകളുണ്ട്.

സാവകാശം, ക്ഷമ എന്നത് ഇവർക്ക് അത്ര പരിചിതമായ കാര്യമല്ല. വേഗത്തിലുള്ള നടത്തമാണ് ഇവരുടെ ഹൈലൈറ്റ്. കാലതാമസങ്ങളിൽ അക്ഷമരായ ഇവർ ഉയർന്ന ലക്ഷ്യബോധമുള്ളവരായിരിക്കുമെന്ന് മനഃശാസ്ത്രം പറയുന്നു. തീരുമാനങ്ങൾ പെട്ടെന്നായിരിക്കും. വാ തുറക്കുന്നതിന് മുൻപ് അവരുടെ കാലുകൾ ഓടിയിട്ടുണ്ടാവും.

JAMA യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശരാശരിയെക്കാൾ വേഗത്തിൽ നടക്കുന്നവർ സദാസമയവും ഭാവിയെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നവരായിരിക്കും. സമയം കൃത്യമായി പാലിക്കുന്നവരായിരിക്കും ഇവർ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, പറഞ്ഞ സമയത്തിനും ഒരു അ‍ഞ്ച് മിനിറ്റ് മുൻപ് ഹാജരാകും. കാത്തിരിപ്പ് ഇവർക്ക് അരോചകമാണ്.

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ അവരുടെ മസ്തിഷ്കം അവരെ സദാ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. അത് അവരുടെ മെസേജ് അയക്കുന്ന രീതിയിലും സംഭഷണങ്ങളിലും വെള്ളം കുടിക്കുന്ന രീതിയിൽ പോലും പ്രതിഫലിക്കും. ഇത് ഇവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണോ എന്ന് സംശയമുണ്ടാകാം. എന്നാൽ വളരെ സ്വഭാവികമായി ഉണ്ടാകുന്ന ഒരു രീതിയാണ്.

സൂപ്പർമാർക്കറ്റിൽ പോയാൽ ഏറ്റവും ചെറിയ നിര നോക്കി പിന്നിൽ നിൽക്കും. ഓഫീസിൽ മറ്റുള്ളവർ ബാഗ് പാക്ക് ചെയ്യുമ്പോഴേക്കും ഇവർ പകുതി ദൂരം പിന്നിട്ടിട്ടുണ്ടാവും. ഇത് മാത്രമല്ല, നടത്തത്തിനിടെ ഒന്നിലധികം കാര്യങ്ങളും ചെയ്യും. ഉദ്ദാ. ഫോൺ വിളിക്കുക, ദിവസം മാനസികമായി ആസൂത്രണം ചെയ്യുക, ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ പരിശീലിക്കുക തുടങ്ങിയ കാര്യങ്ങൾ.

ഫാസ്റ്റ് വാക്കേഴ്സ് ഉയർന്ന ആത്മനിയന്ത്രണവും ശക്തമായ അടിയന്തിരബോധവും പ്രകടിപ്പിക്കുന്നവരാണ്. ദീർഘകാല ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുകയും അത് കൃത്യമായി ട്രാക്ക് ചെയ്യാനും അവർ മറക്കാറില്ല. എന്നാൽ പലപ്പോഴും ഈ അനാവശ്യ തിടുക്കം അവരെ ജീവിതം സജീവമാക്കി വയ്ക്കുന്നതിൽ സമ്മർദവും ഞെരുക്കവും ഉണ്ടാക്കുന്നു.