ആഘോഷമാകാം, ഹാങ്ങോവർ ഇല്ലാതെ
മദ്യത്തിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങളില്ലല്ലോ... എന്നാൽ പരിപാടി കളറാക്കാൻ കുടിച്ച് തീർക്കുന്ന മദ്യത്തിന്റെ ഹാങ്ഓവർ അത്ര പെട്ടെന്ന് നിങ്ങളെ വിട്ട് പോകില്ല. കഠിനമായ തലവേദന, ഛർദ്ദി, തലച്ചുറ്റൽ, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഒരുപക്ഷെ അടുത്ത ദിവസം കിടക്കയിൽ നിന്നെണീക്കാൻ കഴിഞ്ഞെന്ന് വരില്ല. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ ഹാങ്ഓവർ കുറയ്ക്കാന്‍ ചില ടിപ്സ് പരീക്ഷിക്കാം.
വെറും വയറ്റിൽ കുടിക്കരുത്
ഒഴിഞ്ഞ വയറ്റില്‍ മദ്യം കുടിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യം കഴിക്കുന്നതിന് തൊട്ട് മുൻപ് ചെറിയ അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

ജലാംശം നിലനിർത്താം
മദ്യം നിങ്ങളുടെ ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ലാതെ ഇലക്ട്രോലൈറ്റ് ലായനിയും കുടിക്കാവുന്നതാണ്.
തുടർച്ചയായി കുടിക്കരുത്
മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന പരിധി വയ്ക്കുക. അതിൽ കൂടുതൽ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നിന് പിന്നാലെ അടുത്തത് എന്ന രീതിക്ക് മദ്യം കുടിക്കുന്നത് ഹാങ്ഓവർ കൂട്ടും. പതിയെ കുടിക്കുന്നതാണ് നല്ലത്. മദ്യപിക്കുന്നതിനിടെ വെള്ളം നന്നായി കുടിക്കുക.
പിറ്റേന്ന് രാവിലെ കഴിക്കേണ്ടത്
പാർട്ടിക്ക് ശേഷമുള്ള ഭക്ഷണവും പ്രധാനമാണ്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കൂടാതെ, വെള്ളം കുടിക്കുന്നത് തുടരുകയും ചെയ്യുക.