"ഗുഡ് ഗേള്‍ സിന്‍ഡ്രോം" പെൺകുട്ടികളുടെ ആരോഗ്യത്തെ ഈ സ്ഥിതിയിലെത്തിക്കും
ഒരു പെൺകുട്ടി വളർന്നു വരുമ്പോൾ തന്നെ നേരിടുന്ന മൂന്ന് ബാധ്യതകളാണ്, അടക്കം, ഒതുക്കം, വിനയം' എന്നിവ. പലപ്പോഴും പെൺകുട്ടികൾ ചുറ്റുമുള്ളവരിൽ നിന്നുള്ള ഗുഡ് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ബാധ്യസ്ഥരാകുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലാത്ത സാഹചര്യങ്ങളോട് 'നോ' പറയുക എന്നത് പലപ്പോഴും അസാധ്യമായിക്കും. നോ പറയാനുള്ള കഴിവ് ചിലർക്ക് എന്നന്നേക്കുമായി ഇല്ലാതാകും. ഗുഡ് ഗേള്‍ സിന്‍ഡ്രോം' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത്തരം സോഷ്യല്‍ കണ്ടീഷനിങ് മാനസികമായി മാത്രമല്ല, ശാരീരികമായും ബാധിക്കാം.

നോ പറയുന്നതും അതിരുകൾ നിശ്ചയിക്കുന്നതും സുരക്ഷിതമല്ലെന്ന തോന്നൽ നിങ്ങളുടെ നാഡീവ്യൂഹത്തെ കൂടുതൽ ജാഗ്രതയിലാക്കും. ഇത് സമ്മർദത്തിലേക്കും സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിൻ്റെ അളവു കൂടുന്നതിലേക്കുമാണ് കൊണ്ടെത്തിക്കുക. കാലക്രമേണ, ഉറക്കം, ഊർജ്ജം, ഭാര നിയന്ത്രണം എന്നിവ തടസ്സപ്പെടുന്നു.
ദേഷ്യവും സങ്കടവുമൊക്കെ അടിച്ചമർത്തുമ്പോൾ തൊണ്ടയ്ക്ക് ചുറ്റും ഒരു അസ്വസ്ഥത രൂപപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
സമ്മർദവും കുടലിൻ്റെ ആരോഗ്യവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഇത് ദഹനക്കേട്, വയറുവേദന, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം. സമ്മർദത്തിലാകുമ്പോൾ ശരീരം ദഹന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയോ നിർത്തിവെയ്ക്കുകയോ ചെയ്യാം. പകരം അടിയന്തരം ഘട്ടങ്ങൾ നേടിടാനായി ഊർജ്ജത്തെ ഉപയോഗിക്കുന്നു.
എപ്പോഴും സമ്മർദങ്ങൾക്ക് വഴങ്ങി നല്ലവളായി തുടരുന്നതിന് ധാരാളം ഊർജ്ജം ആവശ്യമാണ്. ഇത് ശരീരത്തിലെ കേടുപാടുകൾ സുഖപ്പെടുത്തുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഊർജ്ജമില്ലാതാക്കുന്നു. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കും ക്ഷീണത്തിനും വഴിയൊരുക്കുന്നു.
എല്ലായ്പ്പോഴും നല്ലവരായിരിക്കുന്നതിൽ വിശ്രമത്തിനോ ആധികാരികതയ്ക്കോ ഇടമില്ല. മാത്രമല്ല ഉത്കണ്ഠയും വർധിക്കുന്നു. വൈകാരിക ക്ഷീണം സ്ഥിരമായി സംഭവിക്കുന്നു. പുറമേ നിങ്ങൾ ശാന്തരായി കാണപ്പെടുമെങ്കിലും ഉള്ളിൽ ക്ഷീണിതരായി അനുഭവപ്പെടും.