Image

Travel team

വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറിയ യാത്രകൾ

വർഷത്തിലൊരിക്കൽ നടത്തുന്ന ദീർഘദൂര യാത്രകൾക്ക് പകരം വിനോദം, സംസ്‌കാരം, ആരോഗ്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചെറിയ യാത്രകളിലേക്ക് ഇന്ത്യക്കാർ മാറുന്നതായി ട്രാവൽ ഫിൻടെക് പ്ലാറ്റ്‌ഫോമായ SCAPIA നടത്തിയ ഡാറ്റാ വിശകലനം വ്യക്തമാക്കുന്നു.

ഉദാഹരണത്തിന്,  ദുഃഖ വെള്ളി (ഗുഡ് ഫ്രൈഡേ) വാരാന്ത്യത്തിൽ യാത്രക്കാരുടെ വൻ തിരക്ക്.

ഏപ്രിൽ 3 മുതൽ 6 വരെയുള്ള ഗുഡ് ഫ്രൈഡേ അവധി ദിനങ്ങളിൽ യാത്ര ചെയ്യാനുള്ള ബുക്കിങ്ങുകൾ, സാധാരണ മൂന്ന് ദിവസത്തെ അവധിയേക്കാൾ വളരെ കൂടുതലാണ്. കുറഞ്ഞ എണ്ണം ദീർഘദൂര യാത്രകൾക്ക് പകരം, രാജ്യത്തുടനീളം ഇടയ്ക്കിടെയുള്ള ലോങ്ങ് വീക്കെൻഡ് (Long Weekend) യാത്രകൾ തിരഞ്ഞെടുക്കുന്ന പുതിയ പ്രവണതയെ ഇത് ശരിവെക്കുന്നു. യാത്രക്കാർ ആഴ്ചകൾക്ക് മുൻപേ പ്ലാൻ ചെയ്യുകയും ബുക്കിംഗുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുന്നു എന്നതാണ് ഈ മാറ്റത്തിന്റെ പ്രത്യേകത.

ആഴ്ചകൾക്ക് മുൻപേ തയ്യാറെടുപ്പുകൾ

ഫെബ്രുവരി അവസാനത്തോടെ തന്നെ യാത്രാ താല്പര്യങ്ങൾ പ്രകടമായിത്തുടങ്ങി. വിമാന ടിക്കറ്റുകൾക്കായുള്ള തിരച്ചിൽ യാത്രയ്ക്ക് അഞ്ച് ആഴ്ചകൾക്ക് മുൻപ് തന്നെ സാധാരണ ദിവസങ്ങളേക്കാൾ 75% വർധിച്ചു. ട്രെയിൻ ബുക്കിംഗുകൾ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത് - ഒന്ന് 60 ദിവസത്തെ ബുക്കിംഗ് വിൻഡോ തുറന്ന സമയത്തും, രണ്ടാമത്തേത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലും (ഏകദേശം 40% വളർച്ച). സാധാരണയായി അവസാന നിമിഷം ബുക്ക് ചെയ്യാറുള്ള ബസ്സുകൾക്കും ഇത്തവണ തിരക്ക് നേരത്തെ അനുഭവപ്പെട്ടു; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബുക്കിംഗിൽ 4 മടങ്ങ് വർധനവാണുണ്ടായത്.

താമസസൗകര്യങ്ങൾക്കായുള്ള (Stays) ബുക്കിംഗിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിലുടനീളം ഓരോ ആഴ്ചയിലും ബുക്കിംഗുകൾ ഇരട്ടിയായി. അവധി ദിനങ്ങളിലേക്ക് അടുക്കുന്തോറും താമസസ്ഥലങ്ങൾക്കായുള്ള തിരച്ചിൽ ഇനിയും വർധിച്ചുകൊണ്ടിരിക്കുന്നു.

ഒറ്റ യാത്രയിൽ ഒതുങ്ങില്ല ഇന്ത്യ; പലതവണയായി ചുറ്റിക്കാണാം

കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി സ്ഥലങ്ങൾ കാണാൻ കഴിയുന്ന രീതിയിലുള്ള യാത്രകളോടാണ് ആളുകൾക്ക് ഇപ്പോൾ പ്രിയം. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും ഒരുപോലെ ആവശ്യക്കാരുണ്ട്.

* പ്രധാന വിമാന യാത്രാ കേന്ദ്രങ്ങൾ: ഗോവ, ഗുവാഹത്തി, ഭുവനേശ്വർ, കൊച്ചി, വാരണാസി, ജയ്‌പൂർ, ആൻഡമാൻ, ശ്രീനഗർ.

* ട്രെയിൻ-ബസ് യാത്രകൾ: നഗരങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റൂട്ടുകളിലാണ് ഇത്തവണ തിരക്ക് കൂടുതൽ. ഡൽഹി മുതൽ റിയാസി വരെയുള്ള പുതിയ റൂട്ടുകളോടുള്ള താല്പര്യം, തീർത്ഥാടനത്തോടൊപ്പം ചെനാബ് പാലം പോലുള്ള കാഴ്ചകളും കാണാനുള്ള യാത്രക്കാരുടെ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.

മനഃശാന്തി തേടിയുള്ള യാത്രകൾക്ക് മികച്ച കണക്റ്റിവിറ്റി

ആത്മീയതയ്ക്കും ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുന്ന യാത്രകൾ വർധിച്ചുവരികയാണ്.

* ന്യൂഡൽഹി - ഋഷികേശ്

* ന്യൂഡൽഹി - ധർമ്മശാല

* ബാംഗ്ലൂർ - ഉഡുപ്പി

മേൽപ്പറഞ്ഞ റൂട്ടുകളിലെ തിരക്ക് ഇതിന് ഉദാഹരണമാണ്. വൈഷ്ണോ ദേവിയിലേക്കുള്ള കവാടമായ റിയാസിയിലേക്കുള്ള യാത്രകൾ സൂചിപ്പിക്കുന്നത് ആളുകൾ വിനോദവും ആത്മീയതയും ഒരേ യാത്രയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നാണ്.