ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
പഴയ സിയറയുടെ ചരിത്രം പറഞ്ഞുവരുന്ന പുതിയ ടാറ്റ സിയറയുടെ ബുക്കിംഗ് തുടങ്ങുന്ന സമയമാണിത്. ആകർഷക പരസ്യങ്ങളും ഒരുപാട് ഒരുപാട് അനുകൂല റിവ്യൂകളും രാജ്യമാകെ എല്ലാ മീഡിയയിലും കാണുന്നുണ്ട്.
റിവ്യൂകളെല്ലാം ടാറ്റ മോട്ടോഴ്സ് ക്ഷണിച്ചു കൊണ്ടുപോയി ചെയ്യിക്കുന്നതാണ്. അതുകൊണ്ടുതന്നെ അതൊക്കെ അതേപടി വിശ്വസിക്കേണ്ടതില്ല.
പഴയ സിയറ പോലെ ഉള്ള ഡിസൈൻ എന്നൊക്കെ നൊസ്റ്റാൾജിയ പറഞ്ഞു ഈ വണ്ടി വാങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്നാമത്തെ കാര്യം ടാറ്റ മോട്ടോഴ്സ് ആണു കമ്പനി എന്നതാണ്. ടാറ്റ കാറുകൾക്ക് പ്രതീക്ഷിക്കാവുന്ന ഗുണനിലവാരത്തിന് ഒരു പരിധിയുണ്ട്! ഡിസൈൻ കൊള്ളാം, വലിയ ടച്ച് സ്ക്രീൻ വച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു വണ്ടി വാങ്ങിയാൽ ആ കൗതുകം മായുംമുമ്പ് തന്നെ വണ്ടി കാരണം ഉള്ള തലവേദനകൾ അനുഭവിക്കേണ്ടിവരും.

ഡിസൈൻ തന്നെ തട്ടിപ്പാണ്. പഴയ സിയറയുമായി സാമ്യം തോന്നാൻ റൂഫിന് ബ്ലാക്ക് നിറം അടിച്ചിരിക്കുകയാണ്. പഴയ സിയെറയിൽ വളഞ്ഞ ഗ്ലാസ് പാനൽ ഉള്ളതിനു പകരം ആണിത്! അത് രണ്ടാം നിര സീറ്റിലേക്ക് കയറാൻ പ്രത്യേകം ഡോർ ഇല്ലാത്തതുകൊണ്ട് സാധ്യമായതാണെന്നു കരുതി വിട്ടേക്കാം. പക്ഷേ ഇപ്പോഴത്തെ സിയറയ്ക്ക് കൂടുതൽ സാമ്യം വിപണിയിൽ പരാജയപ്പെട്ട കിയ സൈറോസുമായാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകില്ലേ?

പുതിയ എൻജിനുകൾ
ഈ പുതിയ സിയറയുടെ വലിയ ഒരു പ്രത്യേകത രണ്ടു പുതിയ പെട്രോൾ എൻജിനു കൾ അവതരിപ്പിക്കുന്നു എന്നതാണ്. ടർബോ പെട്രോൾ എഞ്ചിനും ടർബോ അല്ലാത്ത സാധാരണ പെട്രോള്‍ എഞ്ചിനും. രണ്ടായാലും ഇത് ടാറ്റ പുതുതായി രൂപപ്പെടുത്തിയ എൻജിനുകൾ ആണെന്ന ഓർമ വേണം. ഇതിൻ്റെ ശേഷിയോ ലൈഫോ യഥാർഥ സാഹചര്യങ്ങളിൽ എങ്ങനെയെന്ന് ആർക്കും അറിയില്ല. "റിയൽ ലൈഫിൽ" എങ്ങനെയാണ് പെരുമാറാൻ പോകുന്നതെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. പൊതുവേ ടർബോ പെട്രോൾ എൻജിനുകൾ ആദ്യത്തെ ഒരു ഹൈപ്പിൽ വണ്ടിക്ക് ബുക്കിംഗ് നേടിക്കൊടുക്കുമെങ്കിലും പിന്നീട് അങ്ങോട്ട് ജനത്തിന് കാര്യം മനസ്സിലാകുകയും ബുക്കിംഗ് കുറയുകയും ചെയ്യും എന്നതാണ്
കണ്ടുവരുന്നത്. പ്രധാന കാരണം ടർബോ എൻജിന് ആദ്യത്തെ പരസ്യങ്ങളിലോ റിവ്യൂകളിലോ കാണുന്ന മൈലേജ് യഥാർത്ഥ ജീവിതത്തിൽ കിട്ടില്ല എന്നതാണ്.
ടർബോ ചാർജർ എന്നത് വലിയ തുകയ്ക്ക് പണി വരാവുന്ന ഒരു ഘടകമാണ്. ദീർഘകാലം വണ്ടി ഉപയോഗിക്കാൻ ഉദ്ദേശിച്ചു വാങ്ങിയാൽ വാറണ്ടി പിരീഡ് കഴിയുമ്പോൾ നല്ല തുക അറ്റകുറ്റപ്പണിക്ക് ചെലവാകാൻ സാധ്യതയുണ്ട്.
പിന്നെ, പൊതുവേ ടാറ്റയുടെ എൻജിൻ, ഗിയർ ബോക്സ് ഘടകങ്ങൾ പണിമുടക്കാറുണ്ട്. പണിമുടക്കിയാൽ ഡീലറിൽ നിന്നോ ഡീലറുടെ സർവീസ് സെന്ററിൽ നിന്നോ കമ്പനിയിൽനിന്നോ
അനുകൂലമായ പ്രതികരണം ഒന്നും ലഭിക്കാറില്ല. ധാരാളം ഉപഭോക്താക്കൾ പരാതിപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്ന് സോഷ്യൽ മീഡിയ നോക്കിയാൽ അറിയാം.
ഒരു വാഹനത്തിൻ്റെ ഏതെങ്കിലും ഘടകം തകരാറ് സാധ്യത ഉള്ളതാണെന്ന് മനസ്സിലാക്കിയാൽ കമ്പനികൾ അത് വാഹനം തിരികെ വിളിച്ച് സൗജന്യമായി അത് പരിഹരിച്ചു നൽകും. റീക്കോൾ ചെയ്യുക എന്ന് പറയും. അടുത്തകാലത്തുപോലും മാരുതിസുസുകി ഗ്രാൻഡ് വിറ്റാര ഈ രീതിയിൽ ഒരു പ്രശ്നം പരിഹരിക്കാൻ സർവീസ് സെൻ്ററിൽ എത്തിക്കണം എന്ന് ഉടമകൾക്ക് അറിയിപ്പ് നൽകിയിരുന്നു. ടാറ്റ മോട്ടോർസ് ഇങ്ങനെ ചെയ്യാറേയില്ല. അവർ എന്തുണ്ടാക്കി തന്നാലും അതിൻ്റെ ദോഷം മുഴുവൻ ഉപയോക്താക്കൾ സഹിക്കണം.
പുതിയ ടർബോ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ഗിയർബോക്സുമായി മാത്രമേ കിട്ടുന്നുള്ളൂ. അതുതന്നെ ഏറ്റവും ഉയർന്ന മൂന്നു വേരിയന്റുകളിൽ മാത്രമേ ഈ എൻജിൻ ഉള്ള മോഡൽ ലഭ്യമാവൂ. പതിനൊന്നര ലക്ഷം രൂപ മുതൽ വില തുടങ്ങുന്നു എന്ന് പറയുമ്പോൾ അത് സാധാരണ പെട്രോൾ എൻജിൻ പതിപ്പിന്റെ വിലയാണ്. സാധാരണ പെട്രോൾ എൻജിൻ മോഡൽ മാനുവൽ ഗിയർ ബോക്സിലും ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സിലും ആണ് എത്തുന്നത്. ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്സിന് ഇന്ത്യയിലെ ചൂട് ഏറിയ കാലാവസ്ഥയിൽ ലൈഫ് നല്ലതല്ല എന്നാണ് പൊതുവേ കണ്ടെത്തിയിട്ടുള്ളത്. ടർബോ പെട്രോൾ മോഡൽ ആണെങ്കിൽ മാനുവൽ ഗിയറുമായി കിട്ടുകയുമില്ല. കിട്ടുന്നത് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് മാത്രമാണ്. ഈ ഗിയർബോക്സ് വണ്ടികൾക്ക് പൊതുവേ മാനുവൽ മോഡലുകളെക്കാൾ മൈലേജ് കുറവാണ്. എഞ്ചിന്റെ റിയൽ പ്രകടനം തന്നെ വ്യക്തമാകാൻ കുറേക്കാലം എടുക്കും. അതിനുമുൻപ് ടർബോ
സിയറ ഓട്ടോമാറ്റിക് വാങ്ങുന്നവർക്ക് മൈലേജിന്റെ കാര്യത്തിൽ ആശങ്ക വേണം.
ഡീസൽ എൻജിൻ ഇപ്പോൾ നെക്സോണിലും ഒക്കെ കാണുന്ന ലിറ്റർ എൻജിൻ തന്നെയാണ്. പോസിറ്റീവ് റിവ്യൂ ചെയ്ത ആളുകൾ പോലും പറയുന്നത് വലിയ എഞ്ചിൻ നോയിസ് ക്യാബിനിലേക്ക് വരുന്നു എന്നാണ്. അതായത് ഇൻസുലേഷൻ അത്രയും മോശമാണ് എന്ന് അർത്ഥം. ഇത്രയും വിലകൊടുത്ത് വണ്ടി വാങ്ങുമ്പോൾ എൻജിൻ നോയിസും റോഡ് നോയിസും ക്യാബിനിൽ അത്ര വലിയ തോതിൽ കടന്നുവരുന്നത് സഹിക്കണോ! മിഡ് സൈസ് എസ് യു വി വിഭാഗം ഹ്യുണ്ടായ് ക്രെറ്റ പോലെയുള്ള പ്രീമിയം ഫീലുള്ള ഒട്ടേറെ മോഡലുകൾ വിപണിയിലുള്ള വിഭാഗമാണ്.
ശോകം സർവീസ്
ടാറ്റയുടെ സർവീസ് രംഗം പരാജയം ആണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. തട്ട്ദോശ ചുടുന്നത് പോലെ കാറുകൾ ധാരാളമായി ഉണ്ടാക്കിവിടുന്നത് അനുസരിച്ച് സർവീസ് സെൻററുകൾ മെച്ചപ്പെടുത്താനും സർവീസ് ചെയ്യുന്നവർക്ക് ട്രെയിനിങ് കൊടുക്കാനും ടാറ്റ ശ്രമിക്കുന്നില്ലേ എന്ന് ചോദിക്കേണ്ടിവരും. കാരണം കംപ്ലൈന്റുമായി ഒരു കാർ എത്തിച്ചാൽ എന്താണ് കംപ്ലൈന്റ് എന്ന് കണ്ടെത്താൻ പോലും അപൂർവമായി മാത്രമേ
അവിടെ സാധിക്കുന്നുള്ളൂ. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യം പറയുകയും വേണ്ട. കൈമലർത്തുക എന്നതാണ് സർവീസ് സെൻററിലും ഡീലർഷിപ്പിലും ഉള്ളവരുടെ രീതി. ഒരു സപ്പോർട്ടും കമ്പനി നൽകുകയുമില്ല.
ഇലക്ട്രോണിക്സ്
ന്യൂ ജനറേഷൻ മാർക്കറ്റ് പിടിക്കാൻ ഒരുപാട് ഇലക്ട്രോണിക്സ് കുത്തിനിറച്ചാണ് സിയറ എത്തുന്നത്. പ്രത്യേകിച്ച് ടോപ് വേരിയൻ്റ്കൾ. 3 ഡിസ്പ്ലേ സ്ക്രീൻ ഉള്ള ഭീമൻ സ്ക്രീൻ ഒക്കെ പണിമുടക്കിയാൽ ഉടമയ്ക്ക് നെഞ്ചുവേദന ഉറപ്പ്.
ഫിറ്റും ഫിനിഷും
പോസിറ്റീവ് റിവ്യൂവിൽ കണ്ടതനുസരിച്ച് വാങ്ങാൻ പറ്റിയ കാർ അല്ല ടാറ്റയുടേത് എന്നു പറയാൻ വേറെ
യും കാരണമുണ്ട്. രണ്ടു സിയറകൾ അടുത്തടുത്ത് ഇട്ടിട്ട് നോക്കിയാൽ അതിൽ രണ്ടിനും രണ്ടു ഗുണനിലവാരം ആയിരിക്കും ഉണ്ടാവുക. ഫിറ്റ് ആൻഡ് ഫിനിഷ് കാര്യത്തിൽ അതാണു ടാറ്റയുടെ നിലവാരം.
വില കുറവല്ല
11.5 ലക്ഷം മുതൽ 20 ലക്ഷം വരെ ഷോറൂം വിലയുള്ള ഒരു വണ്ടി വാങ്ങുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. മിഡ് സൈസ് എസ് യുവി വിഭാഗത്തിലെ മറ്റ് കാറുകളും ആയി കാര്യമായ താരതമ്യ പഠനം നടത്തേണ്ടതുണ്ട്. അല്ലാതെ എടുത്തു ചാടിയാൽ വിവരമറിയും, സംശയം വേണ്ട.