റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
ലൈസൻസ് ദുരുപയോഗം: സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയെന്ന് കേന്ദ്രം.
ലൈസൻസ് വ്യവസ്ഥ ലംഘിച്ചു എന്ന പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതി നിർദ്ദേശം

മലയാളം വാർത്താ ചാനലായ *റിപ്പോർട്ടർ ടിവി* കേന്ദ്ര സർക്കാരിന്റെ ബ്രോഡ്കാസ്റ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് കേരള ഹൈക്കോടതി ചൊവ്വാഴ്ച (മാർച്ച് 24) നിർദ്ദേശം നൽകി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി തീർപ്പാക്കിയത്.
ട്വന്റി20 രാഷ്ട്രീയ പാർട്ടി പ്രസിഡന്റ് (സാബു എം ജേക്കബ്) നൽകിയ ഹർജിയിലാണ് കോടതി നടപടി. 2026 ഫെബ്രുവരി 2-ന് സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് (MIB) നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹർജിക്കാരന്റെ പരാതിയെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം പ്രാഥമിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഒമ്പതാം എതിർകക്ഷിയായ ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനലിന് നൽകിയിരുന്ന സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ (DSGI) കോടതിയെ അറിയിച്ചു. പരാതിയിലെ ആരോപണങ്ങളിൽ അധികൃതർ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി നൽകിയിട്ടുണ്ടെന്നും ചാനൽ അധികൃതരുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. വിഷയം ഇതിനകം തന്നെ ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്ന് നിരീക്ഷിച്ചാണു കോടതി ഹർജി തീർപ്പാക്കിയത്.
"വിധിപ്പകർപ്പ് ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ,ഇരുഭാഗത്തെയും കേട്ടതിനുശേഷം പരാതിയിൽ തീരുമാനമെടുക്കാൻ ഒന്നാം എതിർകക്ഷിക്ക് (കേന്ദ്രത്തിന്) നിർദ്ദേശം നൽകുന്നു- എന്നാണ് കോടതി ഉത്തരവ്.
ഹർജിയിലെ പ്രധാന വാദങ്ങൾ:
* റിപ്പോർട്ടർ ടിവിയുടെ ബ്രോഡ്കാസ്റ്റ് ലൈസൻസ് യഥാർത്ഥത്തിൽ ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിനാണ് നൽകിയിരുന്നത്. എന്നാൽ 2023-ൽ കമ്പനിയുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ ശ്രമങ്ങൾ നടന്നു.
* റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം.ഡി ആയ കെ.ജെ. ജോസ്, ഷെയർഹോൾഡർ വി.വി. സജു എന്നിവർ ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനലിന്റെ നിയന്ത്രണാധികാരം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും, ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ഇതിനുള്ള സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചിരുന്നു.
* മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരികൾ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനത്തിന് കൈമാറിയത് ലൈസൻസ് നിബന്ധനകളുടെ ലംഘനം.
റിപ്പോർട്ടർ ചാനൽ സ്ഥാപകനും ഇപ്പോൾ സിപിഎം നേതാവുമായ എംവി നികേഷ് കുമാറും ഭാര്യ റാണി വർഗീസുമാണ് ഇൻഡോ -ഏഷ്യൻ ന്യൂസ് ചാനലിന്റെ ഡയറക്ടർമാർ.